അബുദാബി: ഒൻപതുകാരനായ കരീം ഫാദി അദ്വാന് ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടായത്. മിനിറ്റുകൾക്കകം കരിം കുഴഞ്ഞുവീഴുകയും ബോധരഹിതനാകുകയും ചെയ്തു. കരീമിനെ ഉടൻ തന്നെ ആർഎകെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ഡോക്ടർമാർ കണ്ടെത്തി. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അപകടകരമായ അവസ്ഥയിൽനിന്ന് കരീമിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നെന്ന് അദ്ദേഹത്തിൻ്റെ ഡോക്ടർ പറഞ്ഞു. ‘കരീം അത്യാസന്ന നിലയിലായിരുന്നു. തലച്ചോറിലേക്കുള്ള ഓക്സിജന്റെ അഭാവം കോമയിലേക്ക് നയിച്ചെന്ന്’, ആർഎകെ ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധനും കൺസൾട്ടൻ്റും ഡിപ്പാർട്ട്‌മെൻ്റ് മേധാവിയുമായ ഡോ. അഹമ്മദ് അതീഖ് പറഞ്ഞു. ‘അത്യാഹിത വിഭാഗത്തിൽ കരീമിനെ പ്രവേശിപ്പിച്ചപ്പോൾ കുട്ടി കൃത്യമായി ശ്വസിക്കുന്നുണ്ടായിരുന്നില്ല. പൾസ് ഇല്ലായിരുന്നു. മെഡിക്കൽ അത്യാഹിതങ്ങൾക്കുള്ള മുന്നറിയിപ്പായി ഉടൻ തന്നെ ഒരു കോഡ് ബ്ലൂ പ്രഖ്യാപിച്ചു. അനസ്‌തേഷ്യോളജിസ്റ്റുകൾ, ശിശുരോഗ വിദഗ്ധർ, നഴ്‌സുമാർ എന്നിവരുൾപ്പെടെയുള്ള ഞങ്ങളുടെ സമർപ്പിത സംഘം പ്രോട്ടോക്കോൾ അനുസരിച്ച് കാർഡിയോപൾമോണറി റെസസിറ്റേഷൻ (സിപിആർ) ആരംഭിച്ചു. ഡിസി ഷോക്കുകൾ ഉപയോഗിച്ചും പിഎഎൽഎസ് (പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട്) മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചും ഏകദേശം ഒരു മണിക്കൂറോളം അശ്രാന്തമായി പ്രവർത്തിച്ചതായി’, ഡോക്ടർമാർ വ്യക്തമാക്കി. “അത്ഭുതകരമെന്നു പറയട്ടെ, ഒടുവിൽ മോണിറ്ററിൽ ഒരു പ്രതികരണം ലഭിച്ചു, കരീം ജീവിതത്തിലേക്ക്.” ഡോക്ടർമാർ പങ്കുവെച്ചു. കരീം ഇപ്പോൾ തിരിച്ചുവരവിന്റെ ഘട്ടത്തിലാണെന്നും സ്കൂളിൽ പോയെന്നും കരീമിൻ്റെ പിതാവ് ഫാദി മുഹമ്മദ് പറഞ്ഞു. “സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്നത് പുനഃരാരംഭിക്കാൻ അവന് ഇഷ്ടമാണ്. അവൻ പൂർണ ആരോഗ്യവാനായി തിരിച്ചുവരാൻ കാത്തിരിക്കുകയാണ്’, പിതാവ് കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5