18 വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന റഹീമിൻ്റെ മോചനം കാത്തിരിക്കുകയാണ് ഉമ്മ ഫാത്തിമ. ലോകത്താകമാനമുള്ള മലയാളികൾ ഒറ്റക്കെട്ടായി കുറഞ്ഞ സമയം കൊണ്ടാണ് റഹീമിൻ്റെ ശിക്ഷ ഒഴിവാക്കാനായുള്ള 34 കോടി രൂപ സ്വരൂപിച്ചതൊക്കെ വലിയ വാർത്ത ആയിരുന്നു. എന്നാൽ മകനെ കാണാൻ സൗദിയിലെത്തിയ ഉമ്മക്ക് നിരാശ ആയിരുന്നു ഫലം. ഉമ്മയെ കാണേണ്ടെന്ന് ജയിലിൽ കഴിയുന്ന അബ്ദുറഹീം പറഞ്ഞു. 18 വർഷങ്ങൾക്ക് ശേഷം മകനെ ഒരു നോക്ക് കാണാമെന്ന പ്രതീക്ഷയിൽ എത്തിയ ഉമ്മ ഫാത്തിമ കണ്ണീരോടെയാണ് ജയിലിൽ നിന്ന് മടങ്ങിയത്. റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്കാൻ ജയിലിലാണ് ഉമ്മയും സഹോദരൻ എം പി നസീർ, അമ്മാവൻ അബ്ബാസ് എന്നിവർ എത്തിയത്. ഉമ്മയ്ക്ക് മാത്രമാണ് ജയിലിന് അകത്തേക്ക് അധികൃതർ പ്രവേശനം നൽകിയത്. എന്നാൽ, അബ്ദുൽ റഹീം ഉമ്മയെ കാണാൻ വിസമതിച്ചു. വിസമ്മതിച്ചതിന്റെ കാരണം വ്യക്തമല്ല. മകനെ കാണണമെന്ന് പറഞ്ഞു ഉമ്മ ജയിലിൽ പൊട്ടിക്കരഞ്ഞു. തുടർന്ന്, ജയിൽ അതികൃതർ വീഡിയോ കോൺഫറൻസ് വഴി കാണിക്കാൻ ശ്രമിച്ചെങ്കിലും ഉമ്മയെ കാണാനോ സംസാരിക്കാനോ റഹീം തയ്യാറായില്ല, തനിക്കു നാട്ടിൽ വന്നിട്ട് ഉമ്മയെ കണ്ടാൽ മതിയെന്ന നിലപാട് എടുക്കുകയായിരുന്നു അബ്ദുൽ റഹീം. തുടർന്ന് രണ്ടുമണിയോടെ ഉമ്മയും സഹോദരനും ജയിലിൽനിന്ന് മടങ്ങി. അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ഈ മാസം പതിനേഴിനു പരിഗണിക്കും. 18 വർഷമായി റഹീമിന്റെ മോചനത്തിനു പ്രവർത്തിക്കുന്ന നിയമസഹായ സമിതിയെ അറിയിക്കാതെയാണ് കുടുംബം സൗദിയിലേക്ക് പോയതെന്നാണു വിവരം. മോചന നടപടികളുടെ ഭാഗമായി 17ന് കേസ് പരിഗണിക്കാനിരിക്കെ തന്നെ കാണാൻ ജയിലിലേക്ക് വരേണ്ടതില്ലെന്നു റഹീം കുടുംബത്തെ നേരത്തേ അറിയിച്ചതായും സൂചനയുണ്ട്. റഹീമിന്റെ ജയിൽ മോചന നടപടികൾ നീളുന്ന സാഹചര്യത്തിൽ കഴിഞ്ഞ 30നാണ് ഉമ്മയും സഹോദരനും നേരിൽ കാണാൻ സൗദിയിലേക്ക് പോയത്. റിയാദ് ജയിലിൽ എത്തി റഹീമിനെ കണ്ട ശേഷം ഉംറ തീർഥാടനം നിർവ്വഹിച്ചു മടങ്ങാനായിരുന്നു തീരുമാനം. കഴിഞ്ഞ മാസം 21ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നു കുടുംബം പ്രതീക്ഷിച്ചിരുന്നു. അന്നു കോടതി സിറ്റിങ് നടന്നെങ്കിലും കേസ് മാറ്റുകയായിരുന്നു. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നായിരുന്നു കോടതി അറിയിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന പ്രതീക്ഷയിലാണ് നിയമ സഹായ സമിതി.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5