ദുബായിൽ 14 പ്രദേശങ്ങൾ വെള്ളപ്പൊക്ക സാധ്യതയുള്ളതായി അധികൃതർ കണ്ടെത്തി, കഴിഞ്ഞ ഏപ്രിലിൽ പെയ്ത പോലെ അതിശക്തമായ മഴപെയ്താൽ ഈ പ്രദേശങ്ങളിൽ അപകടസാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു. അടുത്ത ഏതാനും വർഷങ്ങളിൽ മഴയുടെ തീവ്രത 30 ശതമാനം വരെ വർദ്ധിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ-അബ്രി പറഞ്ഞു. മഴ വെള്ളം കുമിഞ്ഞുകൂടുന്നത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് നിരവധി ഹ്രസ്വകാല, ദീർഘകാല പദ്ധതികൾക്ക് നടപ്പാക്കി വരുന്നുണ്ട്. മൂന്ന് പ്രദേശങ്ങൾ ഷെയ്ഖ് സായിദ് റോഡിലും രണ്ടെണ്ണം അൽ ഖൈൽ റോഡിലും നാലെണ്ണം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും സ്ഥിതി ചെയ്യുന്നു. കൂടാതെ, എമിറേറ്റ്സ് റോഡിലെ രണ്ട് സ്ഥലങ്ങൾ, സെയ്ഹ് അൽ സലാം സ്ട്രീറ്റിലെ ഒന്ന്, റാസൽ ഖോർ സ്ട്രീറ്റിലെ ഒന്ന്, അൽ റബാത്ത് സ്ട്രീറ്റിലെ ഒരെണ്ണം എന്നിവ അപകടസാധ്യതയുള്ളതായി കണ്ടെത്തി. പ്രകൃതിദുരന്തങ്ങളുടെ ആഘാതങ്ങളിൽ നിന്ന് താമസക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാൻ ദുബായ് അധികൃതർ സജീവമായ നടപടികൾ സ്വീകരിച്ചുവരികയാണ്. ഈ മാപ്പിംഗ് സംരംഭം പ്രതികരണ തന്ത്രങ്ങൾ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. ‘പ്രതിസന്ധിയും പ്രകൃതി ദുരന്ത നിവാരണവും’ എന്ന വിഷയത്തിൽ ദുബായ് പൊലീസ് സംഘടിപ്പിച്ച സെമിനാറിൽ ഈ വിഷയത്തിലെ വിവിധ വശങ്ങൾ ചർച്ച ചെയ്തു. 14 ഹോട്ട്‌സ്‌പോട്ടുകൾക്ക് പുറമേ മഴക്കാലത്ത് വെല്ലുവിളി ഉയർത്തുന്ന 22 സ്ഥലങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ടെന്നും പരിഹാരങ്ങൾ നടപ്പാക്കി വരികയാണെന്നും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വാണിജ്യ ഗതാഗത പ്രവർത്തന വിഭാഗം ഡയറക്ടർ മുഹന്നദ് ഖാലിദ് അൽ മുഹൈരി പറഞ്ഞു. ദുബായ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ, നിയുക്ത ചാനലുകളിലേക്ക് കുമിഞ്ഞുകൂടിയ വെള്ളം ഒഴുക്കിവിടാൻ പമ്പുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ ചെയ്ത് വരികയാണ്.” നിരവധി അധികാരികൾ പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ, പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനും ഭാവിയിലെ വെല്ലുവിളികൾക്കായി തയ്യാറെടുക്കുന്നതിനുമുള്ള നിർദ്ദേശങ്ങളും ശുപാർശകളും അവതരിപ്പിച്ചു. 2033-ഓടെ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന ‘തസ്‌രീഫ്’ എന്ന പേരിൽ 30 ബില്യൺ ദിർഹം മഴവെള്ള ശൃംഖല പദ്ധതിയുടെ പ്രഖ്യാപനവും നടത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കുന്നതിനെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാനുള്ള പദ്ധതികളുടെ ആവശ്യകതയും ലെഫ്റ്റനൻ്റ് ജനറൽ ധാഹി ഊന്നിപ്പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5