അബുദാബി: യുഎഇയിലെ പ്രമുഖ എൻഎംസി ഹോസ്പിറ്റൽ ശൃംഖലയ്ക്ക് പുതിയ ഉടമ വരുന്നു. ഇന്ത്യൻ വ്യവസായി ബിആർ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് എൻഎംസി ഹോസ്പിറ്റൽ. എഡിഎക്‌സ് ലിസ്റ്റ് ചെയ്ത പ്യുവര്‍ ഹെല്‍ത്ത് എന്ന കമ്പനി ആശുപത്രി ശൃംഖല ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത വര്‍ഷത്തോടെ ഏറ്റെടുക്കല്‍ യാഥാര്‍ഥ്യമാകുമെന്ന് ബാങ്കിങ് സ്രോതസുകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കരാർ ഏറെക്കുറെ അന്തിമമായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2024ന്റെ ആദ്യ പാദത്തില്‍ 100 കോടി ദിര്‍ഹം ലാഭം നേടിയ കമ്പനിയാണ് പ്യുവര്‍ ഹെല്‍ത്ത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങളൊന്നും കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 1970കളുടെ മധ്യത്തില്‍ ഇന്ത്യന്‍ വ്യവസായിയായ ബിആര്‍ ഷെട്ടിയുടെ നേതൃത്വത്തില്‍ അബുദാബി ആസ്ഥാനമായി ആരംഭിച്ചതാണ് എന്‍എംസി ആശുപത്രി. എന്‍എംസി ഏറ്റെടുക്കല്‍ നടന്നാല്‍ യുഎഇ ആരോഗ്യ മേഖലയിലെ സമീപകാലത്തെ രണ്ടാമത്തെ വലിയ ഇടപാടായിരിക്കുമിത്. ഏപ്രിലില്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ജിസിസി പ്രവര്‍ത്തനങ്ങളുടെ ഭൂരിഭാഗം ഓഹരികളും ഫജര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം വാങ്ങിയിരുന്നു. എന്‍എംസിയുടെ നിയന്ത്രണം 2022 മാര്‍ച്ച് എഡിസിബി ബാങ്കിന്റെ നേതൃത്വത്തില്‍ വായ്പക്കാരുടെയും കടക്കാരുടെയും താത്കാലിക ഉടമസ്ഥതയിലേക്ക് മാറ്റിയിരുന്നു. പുതിയ ഏറ്റെടുക്കല്‍ യാഥാര്‍ഥ്യമായാല്‍ ഇവരുടെ പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കപ്പെടും. പ്രമുഖ ആശുപത്രികള്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെയര്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ക്ലിനിക്കുകള്‍, ലാബുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആസ്തികളുള്ള യുഎഇയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് കെയര്‍ ഹോള്‍ഡിങ് കമ്പനിയാണ് പ്യുവര്‍ ഹെല്‍ത്ത്. അടുത്തിടെ, യുഎസിലും യുകെയിലും ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ കമ്പനി ഏറ്റെടുത്തിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A