ദുബായ്: മകൻ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരിക്കുമ്പോഴും മകളെ മരണത്തിൽനിന്ന് രക്ഷിച്ച സ്വദേശി യുവാവിന് നന്ദി പറയുകയാണ് പിതാവ് മുഹമ്മദ് അഷ്റഫ്. ‘നന്ദി, ആ സ്വദേശി യുവാവിന്, എന്റെ മോളെയെങ്കിലും രക്ഷിച്ചതിന്’, പിതാവിന്റെ വാക്കുകൾ. കഴിഞ്ഞ ദിവസമാണ് ദുബായ് മംസാർ ബീച്ചിൽ കാസർകോട് ചെങ്കള സ്വദേശി അഹമദ് അബ്ദുല്ല മഫാസ് (15) മുങ്ങി മരിച്ചത്. വാരാന്ത്യ അവധി ദിവസത്തിന് തലേന്ന് (വെള്ളി) രാത്രി മുഹമ്മദ് അഷ്റഫും ഭാര്യയും നാല് മക്കളും മംസാർ ബീച്ചിൽ എത്തിയതായിരുന്നു. കൂട്ടുകാരോടൊപ്പം പോകണമെന്ന് മഫാസ് പറഞ്ഞെങ്കിലും പിതാവ് പറഞ്ഞതനുസരിച്ച് കുടുംബത്തോടൊപ്പം ബീച്ചിൽ പോകുകയായിരുന്നു. രാത്രി പത്ത് മണിയോടെ മുഹമ്മദ് അഷ്റഫ് വാഷ് റൂമിലേക്ക് പോയപ്പോഴായിരുന്നു മഫാസ് ഒഴുക്കിൽപ്പെട്ടത്. കടലിലിറങ്ങാൻ മഫാസിനോട് ഫാത്തിമ ആവശ്യപ്പെട്ടു. ഇരുവർക്കും നീന്തലറിയാം. എന്നാൽ, കടലിലിറങ്ങിയപ്പോൾ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. പിന്നാലെ മഫാസിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. അലറി വിളിച്ച ഫാത്തിമയെ അവിടെയുണ്ടായിരുന്ന സ്വദേശി യുവാവാണ് രക്ഷിച്ചത്. ദുബായ് പോർട്ട് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതനുസരിച്ച് ഉടൻ സ്ഥലത്തെത്തിയ പോലീസും തീരദേശസേനയുടെ മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെ മഫാസിന് വേണ്ടി ഏറെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ 10–ാം ക്ലാസ് വിദ്യാർഥിയാണ് മഫാസ്. എംബിഎ വിദ്യാർഥിയാണ് ഫാത്തിമ. കുടുംബത്തിലെ മൂന്നാമത്തെ മകനാണ് മഫാസ്. ഫാത്തിമയാണ് മൂത്തത്. മഫാസിന് 2 സഹോദരന്മാരുണ്ട്. മഫാസിന്റെ മൃതദേഹം ദുബായിൽ കബറടക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A