ദുബായ്: ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ പുതിയ വ്യവസ്ഥകളുമായി ദുബായ്. എമിറേറ്റിൽ ടൂറിസ്റ്റ്, സന്ദർശക വിസ ലഭിക്കാൻ ഇനി ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാണ്. അല്ലെങ്കിൽ വിസാ നടപടികൾ പൂർത്തിയാകാൻ വൈകും. ഇതുസംബന്ധിച്ച് ദുബായ് ഇമിഗ്രേഷൻ ട്രാവൽ ഏജൻസികൾക്ക് അറിയിപ്പ് നൽകി. ദുബായ് സന്ദർശിക്കാൻ സന്ദർശക, ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഹോട്ടൽ ബുക്ക് ചെയ്തതിന്‍റെയും താമസിക്കാൻ പോകുന്ന സ്ഥലത്തിന്റെ രേഖകളും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്‍റെ പകർപ്പും സമർപ്പിക്കണം. സന്ദർശക വിസയില്‍ യുഎഇയില്‍ എത്തുന്നവരുടെ കൈവശം ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, ഹോട്ടലിൽ റിസർവേഷൻ ചെയ്ത രേഖകൾ, യാത്രാകാലയളവിൽ ചെലവഴിക്കാന്‍ മതിയായ തുക എന്നിവ ഉണ്ടായിരിക്കണമെന്നത് നേരത്തെയുള്ള നിബന്ധനയാണ്. എന്നാൽ, ഇമിഗ്രേഷനിൽ ആവശ്യപ്പെട്ടാൽ മാത്രം ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും കാണിച്ചാൽ മതിയായിരുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് ഈ രേഖകളെല്ലാം സമർപ്പിക്കണം. ഓൺലൈനിൽ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ഇമിഗ്രേഷൻ വെബ് സൈറ്റിൽ ഹോട്ടൽ ബുക്കിങ്, റിട്ടേണ്‍ ടിക്കറ്റ് രേഖകൾ അപ് ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒരു മാസത്തെ വിസയിലെത്തുന്നവർ 3000 ദിർഹം കറൻസിയായോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിലായോ (68,000 രൂപ) കൈവശം വയ്ക്കണം. ഒരു മാസത്തിലേറെ രാജ്യത്ത് തങ്ങാനെത്തുന്നവരുടെ കൈവശം 5000 ദിർഹം ഉണ്ടായിരിക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A