അബുദാബി: യുഎഇയില്‍ ഹൈടെക് സൈബര്‍ തട്ടിപ്പ് കൂടുന്നു. ജാഗ്രത പാലിക്കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കും പോലീസും മുന്നറിയിപ്പ് നല്‍കി. സംശയം തോന്നുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതെ ഉടന്‍ തന്നെ ബന്ധപ്പെട്ട ബാങ്കിനെയും പോലീസിനെയും അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പരാതി നല്‍കിയിട്ടും ബാങ്ക് അധികൃതര്‍ വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെങ്കില്‍ ബാങ്ക്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കണ്ടെത്തുന്ന വിഭാഗമായ സെന്‍ട്രല്‍ ബാങ്കിന്‍റെ തര്‍ക്കപരിഹാര യൂണിറ്റുമായി (സനദക്) ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈന്‍ പലതരത്തിലുള്ള തട്ടിപ്പുകളുണ്ടെന്നും എല്ലാവരും ജാഗരൂകരായിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഫിഷിങ്, ഇമെയില്‍ ഹാക്കിങ്, ഐഡന്‍റിറ്റി മോഷണം, ഇന്‍വോയ്സ് തട്ടിപ്പ്, ആള്‍മാറാട്ടം, വ്യാജ ഉത്പ്പന്നങ്ങള്‍, നിക്ഷേപതട്ടിപ്പ് എന്നിവയാണ് വിവിധ സൈബര്‍ തട്ടിപ്പുകള്‍. ഇന്‍ഷുറന്‍സ് കമ്പനികള്‍, റസ്റ്റുറന്‍റുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയുടെ പേരില്‍ വ്യാജ സൈറ്റുകളിലൂടെയുള്ള പണമിടപാട്, വ്യാജ പേയ്മെന്‍റ് ലിങ്കുകള്‍ വഴി പണം തട്ടുക, വ്യാജ തൊഴില്‍ തട്ടിപ്പ് എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്. അക്കൗണ്ട് വിശദാംശങ്ങൾ, കാർഡ് നമ്പറുകൾ, ഓൺലൈൻ ബാങ്കിങ് പാസ്‌വേഡുകൾ, എടിഎം പിൻ നമ്പർ, സെക്യൂരിറ്റി കോഡുകൾ (സിസിവി) തുടങ്ങിയ വിവരങ്ങൾ ആരുമായും പങ്കിടരുതെന്ന് അധികൃതര്‍ അറിയിച്ചു. നിയമാനുസൃത ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ ഒരിക്കലും അത്തരം വിശദാംശങ്ങൾ ആവശ്യപ്പെടില്ലെന്നും അധികൃതർ വ്യക്തമാക്കി. വഞ്ചിക്കപ്പെട്ടാൽ ബാങ്കിലും പോലീസിലും ഉടൻ പരാതിപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. 800 2626 ഈ മൊബൈല്‍ നമ്പറിലാണ് ബന്ധപ്പെടേണ്ടത്. രാജ്യത്ത് സൈബര്‍ തട്ടിപ്പ് പിടിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ തടവും 30 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
ദിവസേന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുക
അനധികൃതമായി ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടല്‍ രേഖാമൂലം പരാതി സമര്‍പ്പിക്കുക
അക്കൗണ്ടിന്‍റെ സുരക്ഷിതത്വം ബാങ്കിനോട് ചോദിച്ചു മനസിലാക്കുക
ശക്തമായ പാസ്‌വേഡ് നല്‍കുകയും ഇടയ്ക്കിടെ മാറ്റുകയും വേണം
ബാങ്ക് സ്റ്റേറ്റ്മെന്‍റിന്‍റെ പ്രിന്‍റെടുത്ത് സൂക്ഷിക്കുക
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കാതിരിക്കുക
ആന്‍റിവൈറസ് അപ്ഡേറ്റ് ചെയ കംപ്യൂട്ടറില്‍ മാത്രം ഓണ്‍ലൈന്‍ ഇടപാട് നടത്തുക
എല്ലാ ഇടപാടുകള്‍ക്കും എസ്എംഎസ് സന്ദേശം ലഭിക്കുന്നെന്ന് ഉറപ്പുവരുത്തുക യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A