Posted By saritha Posted On

ദുരൂഹത നീങ്ങി; പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം, മന്ത്രവാദിനിയുടെ സംഘം കൈക്കലാക്കിയത് 596 പവന്‍

കാസര്‍കോട്: പ്രവാസി വ്യവസായിയായ എംസി അബ്ദുള്‍‍ ഗഫൂര്‍ ഹാജിയുടെ (55) മരണം കൊലപാതകം. സംഭവത്തില്‍ മന്ത്രവാദിനിയായ ജിന്നുമ്മയും ഭര്‍ത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38) രണ്ടാം പ്രതിയും ഉബൈദിന്‍റെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38) മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മധൂരുകാരി ആയിഷ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 11 അംഗ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ആഭിചാരക്രിയകളുടെ പേരിൽ സ്വർണം കൈക്കലാക്കിയ ശേഷം പ്രതികൾ പ്രവാസി വ്യവസായിയെ കൊലപ്പെടുത്തുകയായിരുന്നു. ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നാലെ 596 പവന്‍ കാണാതായിരുന്നു. ഈ ആഭരണങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ജ്വല്ലറികളിൽ വിറ്റതായി പറയുന്ന സ്വര്‍ണത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ജില്ലയിലെ ചില സ്വർണ്ണ വ്യാപാരികളിൽനിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. 2023 ഏപ്രിൽ 14നാണ് ഗഫൂർ ഹാജിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയം ഗഫൂർ ഹാജി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗൾഫിൽ നിരവധി സൂപ്പർ മാർക്കറ്റുകളും മറ്റ് സംരംഭങ്ങളുമുള്ള ജീവകാരുണ്യ പ്രവർത്തകനായിരുന്നു പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്മയിലെ എംസി അബ്ദുൾ ഗഫൂർ ഹാജി. ഇദ്ദേഹത്തെ റംസാൻ മാസത്തിലെ 25-ാം നാൾ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചനിലയിൽ കണ്ടത്. പുണ്യമാസത്തിലെ 25-ാം നാളിലെ മരണമായതിനാൽ മറ്റൊന്നും ചിന്തിക്കാതെ അന്നുതന്നെ മൃതദേഹം ഖബറടക്കിയിരുന്നു. പിറ്റേന്ന് മുതൽ ഗഫൂർ വായ്പ വാങ്ങിയ സ്വർണാഭരണങ്ങൾ അന്വേഷിച്ച് ബന്ധുക്കൾ വീട്ടിലേക്ക് എത്തി. സ്വർണത്തിൻ്റെ കണക്കെടുത്തപ്പോൾ ഗഫൂർ ഹാജിക്ക് സ്വന്തമായുള്ളതും ബന്ധുക്കളിൽനിന്ന് വായ്പ വാങ്ങിയതും ഉൾപ്പെടെ ആകെ 596 പവൻ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതോടെ മകൻ പോലീസിലും മുഖ്യമന്ത്രി അടക്കമുള്ളവർക്കും പരാതി നൽകി. തുടർന്ന് ബേക്കൽ പോലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു. 2023 എപ്രിൽ 27ന് ഖബറിടത്തിൽ നിന്ന് ഗഫൂർ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റുമാര്‍ട്ടത്തില്‍ തലയ്ക്ക് ക്ഷതമേറ്റിരുന്നെന്ന് കണ്ടെത്തി. പിതാവിന്‍റെ മരണത്തിലും ആഭരണങ്ങൾ കാണാതായതിലും ആഭിചാരക്രിയ നടത്തുന്ന ജിന്നുമ്മയെയും ഇവരുടെ രണ്ടാം ഭർത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂറിന്‍റെ മകൻ പരാതി നല്‍കിയിരുന്നു. ജിന്നുമ്മയുടെ സഹായികളായി പ്രവർത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുക നിക്ഷേപം വന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഗഫൂർ ഹാജിയും മന്ത്രവാദിനിയും തമ്മിൽ കൈമാറിയ വാട്സാപ്പ് സന്ദേശങ്ങളും പോലീസ് വീണ്ടെടുത്തിരുന്നു. ഗഫൂറിൽനിന്ന് മന്ത്രവാദിനി 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയിരുന്നതായി പോലീസ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *